ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്ന നിയമത്തിലൂന്നി പ്രവര്‍ത്തിക്കുന്ന മഹാപ്രകൃതിയുടെ അംശമാണ് നമ്മള്‍. ഇവിടെ ജീവിക്കുന്ന നമ്മള്‍ ഓരോരുത്തരുടെയും പ്രശ്നങ്ങളാണ് മറ്റാരുടെയോ പരിഹാരമായി മാറുന്നത്. അതുകൊണ്ട് എല്ലാവരുടെയും എല്ലാ പ്രശ്നങ്ങളും ദൈവം വിചാരിച്ചാല്‍ പോലും ഒരിക്കലും പരിഹരിക്കാന്‍ സാധിക്കില്ല എന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് മാത്രമായിരിക്കണം നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം.
ഒരു ഡോക്ടറുടെ ജീവിതത്തിലെ വരുമാനം രോഗികള്‍ നല്‍കുന്ന ധനമാണ്. അതിനാല്‍ ഒരു ഡോക്ടര്‍ വരുമാനം ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചാല്‍ ഇവിടെ സംഭവിക്കേണ്ട ഫലം എന്തായിരിക്കും? രോഗികള്‍ പേരുകേണ്ടി വരില്ലേ. അതെ സമയം രോഗികളെല്ലാം എന്താണ് പ്രാര്‍ത്ഥിക്കുന്നുണ്ടാവുക? ഞങ്ങള്‍ക്ക് രോഗം ഇല്ലാതാവണം എന്നായിരിക്കില്ലേ. അങ്ങനെ എങ്കില്‍ ഏതു പ്രാര്‍ത്ഥനയാണ് ഭഗവാന്‍ കേള്‍ക്കുക?
ഒരു മോട്ടോര്‍ വെഹിക്കിള്‍ മെക്കാനികിന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു കാറെങ്കിലും റിപ്പയര്‍ ചെയ്യാന്‍ ഇന്ന് വരണമെന്നുണ്ടാവും. എന്നാല്‍ വാഹനം ഉപയോഗിക്കുന്ന ഓരോരുത്തരും വാഹനം കേടുകൂടാതെ നിലനില്‍ക്കണമെന്നും പ്രാര്‍ത്ഥിക്കുന്നുണ്ടാവും. നഗരത്തില്‍ റീത്തും ശവപ്പെട്ടിയുമെല്ലാം വില്‍ക്കുന്ന വില്‍പ്പനക്കാരന്‍ രാവിലെ കടതുറന്ന് ഒരു കച്ചവടത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടെ ഉദ്ദേശിക്കുന്നതെന്താണ്?
അതായത് ഓരാളുടെ പ്രശ്നം ഇവിടെ മറ്റൊരാളുടെ പരിഹാരമാണ്. അതുകൊണ്ടുതന്നെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടാല്‍ പോലും പുതിയ പ്രശ്നങ്ങള്‍ക്ക് അത് വഴിയൊരുക്കും. ഇത് മനസിലാക്കുന്നവര്‍ എന്താണ് ഭഗവാനോട് പ്രാര്‍ത്ഥിക്കുക? പ്രശ്നങ്ങളില്‍ തളരാത്ത ഒരു മനസിനായി പ്രാര്‍ത്ഥിക്കൂ. കാരണം, അത് മാത്രമാണ് പ്രായോഗികം.