എന്താണ് സത്യം ?
സത്യമെന്നാൽ… എന്താണോ നിത്യമായി യാഥാർത്ഥത്തിൽ ഉള്ളത് അതിനെ ഉണ്മയായി മാനിക്കുകയും നിത്യമായി ഇല്ലാത്തതിനെ മിഥ്യ എന്ന് മാനിക്കുകയും ചെയ്യുക.
അസത്യം എന്നാൽ എന്താണ് ?
നാമവും രൂപവും… അതാണ് അനിത്യം, അതാണ് മിഥ്യ, അതിനാൽ അതുതന്നെ അസത്യം. ബാഹ്യമായി കാണുന്ന എല്ലാ നാമങ്ങളും രൂപങ്ങളും ഒരുനാൾ ഉണ്ടായതാവും. അത് ഒരുനാൾ ഇല്ലാതാവുകയും ചെയ്യും. അതിനാൽ അവയെ അസത്യമെന്നു തിരിച്ചറിയുക.
വിദ്യ എന്നാൽ എന്താണ് ?
”എന്താണ് ഞാൻ” എന്നത് മനസിലാക്കുന്നതാണ് വിദ്യ.
അവിദ്യ എന്നാൽ എന്താണ്.?
ഞാനല്ലാത്ത എന്തിനെയെങ്കിലും ”ഞാൻ” ആണ് എന്ന് വിചാരിച്ചു ജീവിക്കുന്നതാണ് അവിദ്യ.
എന്താണ് വിവേകം ?
കാര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കാതെ അവയുടെ കാരണങ്ങളെക്കുറിച്ചും ചിന്തിക്കുന്നതാണ് വിവേകം.
എന്താണ് അവിവേകം?
കാര്യമോ, കാര്യം നടപ്പിലാവാൻ ഹേതുവായ വ്യക്തി, വസ്തു എന്നിവയിൽ ഒതുങ്ങുന്ന ചിന്തകൾ വിവേകമില്ലായ്മയാണ്. കാര്യത്തിന്റെ കാരണം അന്വേഷിക്കാത്ത ചിന്തയെല്ലാം അവിവേകം തന്നെ.
എന്താണ് ഇഹലോകം ?
ഇന്ദ്രിയങ്ങളിലൂടെ അനുഭവമാകുന്ന ശബ്ദ സ്പർശ ഗന്ധ രസ ദൃശ്യങ്ങളുടെ പരിധിയിൽ ഒതുങ്ങുന്നതു ഇഹലോകം.
എന്താണ് പരലോകം?
ഈ ഇന്ദ്രിയങ്ങൾക്ക് ഉപരാമമായതും അനുഭവം കൊണ്ടു മാത്രം മനസിലാക്കുവാനും കഴിയുന്ന ആന്തരിക തലമാണ് പരലോകം.
എന്താണ് ബലം ?
കുലുക്കുന്ന സാഹചര്യങ്ങളെ കുലുക്കമില്ലാതെ അതിജീവിക്കുന്നതാണ് ബലം.
എന്താണ് ദൗർബല്യം?
ബാഹ്യലോകത്തിലെ സംഭവ വികാസങ്ങൾ എന്റെ ആന്തരികലോകത്തെ ഇളക്കിമറിക്കുന്നുവെങ്കിൽ അതാണ് ദൗർബല്യം.