സ്നേഹം, ശാന്തി, കരുണ, എന്നിങ്ങനെ കുറെ ഗുണങ്ങള്‍ മനുഷ്യന് ആവശ്യമാണെന്നും ഇവയെല്ലാം നല്ല ഗുണങ്ങളാണെന്നും ആരാണ് തീരുമാനിച്ചത്? കാമം, കോപം, അത്യാഗ്രഹം, അഹങ്കാരം എന്നിങ്ങനെയുള്ള ഗുണങ്ങള്‍ മോശം ഗുണങ്ങളാണെന്നും അവയുടെ പക്ഷത്തു ചേര്‍ന്ന് ജീവിക്കരുതെന്നും എന്തിനുവേണ്ടിയാണ് മനീഷികള്‍ പറഞ്ഞത്? ഇത്തരത്തില്‍ ഗുണദോഷങ്ങളെക്കുറിച്ചുള്ള അറിവ് മനുഷ്യന് എങ്ങനെയുണ്ടായി? ഇവയൊന്നും പെട്ടന്നൊരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയ തത്വസംഹിതകളല്ല. നൂറ്റാണ്ടുകള്‍ നീണ്ട സാമൂഹ്യ നിരീക്ഷണത്തിലൂടെ ചിന്തകന്മാരുടെ പരമ്പരകളിലൂടെ കൈമാറി വന്ന അറിവുകളുടെ ആകെത്തുകയായി മനുഷ്യര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളാണിവ.
സമൂഹത്തിലെ ഉന്നതന്മാരായ രാജാക്കന്മാരെയും പണ്ഡിതന്മാരെയും യോദ്ധാക്കളെയും ബുദ്ധിജീവികളെയുമെല്ലാം നൂറ്റാണ്ടുകളോളം നിരീക്ഷിച്ചു തീരുമാനിച്ച ഉപദേശങ്ങളാണിവ. ഏതു ഗുണങ്ങള്‍ ഉള്ളവരാണ് കൂടുതല്‍ ഉയര്‍ച്ചകള്‍ കീഴടക്കിയത്, ഏതു ഗുണങ്ങളാണ് ഒരു മനുഷ്യനെ പടുകുഴിയില്‍ ചാടിക്കുന്നത് എന്നെല്ലാം നേരില്‍ കണ്ടറിഞ്ഞ സാമൂഹ്യ നിരീക്ഷകന്മാരായ നമ്മുടെ ആപ്തന്മാര്‍ ചില ഗുണവിശേഷതകളെ നല്ലതെന്നും മറ്റു ചിലതിനെ മോശമെന്നും വ്യാഖ്യാനിച്ചു. എന്നിട്ടും നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വയം ഓരോരോന്നിന്‍റെയും പിന്നാലെ ജീവിതത്തെ കൊണ്ടുപോയി സ്വയം അനുഭവിച്ചു മനസിലാക്കിക്കൊള്ളുക. ഒന്നോര്‍ക്കുക, എല്ലാ കാര്യങ്ങളും സ്വയം അനുഭവിച്ചു പഠിച്ചേ ഞാന്‍ അംഗീകരിക്കൂ എന്ന് ചിന്തിച്ചാല്‍ ജീവിതം ഒരുപാട് വ്യര്‍ത്ഥമായി പോകും. അതിനാല്‍ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കണം.